10:34pm 21 May 2026
NEWS
റൗൾ കാസ്ട്രോയ്‌ക്കെതിരെ കുറ്റപത്രം; ക്യൂബയ്‌ക്കെതിരെ സമ്മർദം കടുപ്പിച്ച് ട്രംപ് ഭരണകൂടം
21/05/2026  06:12 AM IST
nila
റൗൾ കാസ്ട്രോയ്‌ക്കെതിരെ കുറ്റപത്രം; ക്യൂബയ്‌ക്കെതിരെ സമ്മർദം കടുപ്പിച്ച് ട്രംപ് ഭരണകൂടം

മയാമി: ക്യൂബയ്‌ക്കെതിരായ നിലപാട് കൂടുതൽ കടുപ്പിച്ച് അമേരിക്ക. ക്യൂബയുടെ മുൻ പ്രസിഡന്റ് റൗൾ കാസ്ട്രോ (94) ഉൾപ്പെടെ ആറുപേർക്കെതിരെ യു.എസ് ഫെഡറൽ പ്രോസിക്യൂട്ടർമാർ കുറ്റപത്രം സമർപ്പിച്ചു. 1996-ൽ ക്യൂബൻ സൈന്യം അമേരിക്കൻ പ്രവാസി സംഘടനയുടെ രണ്ട് വിമാനങ്ങൾ വെടിവെച്ചിട്ട സംഭവത്തിലാണ് ഇപ്പോൾ റൗൾ കാസ്ട്രോ ഉൾപ്പെടെയുള്ളവർക്കെതിരെ അമേരിക്കൻ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. 

കൊലപാതകം, സിവിലിയൻ വിമാനങ്ങൾ തകർത്തത്, ഗൂഢാലോചന തുടങ്ങിയ ഗുരുതര കുറ്റങ്ങളാണ് റൗൾ കാസ്ട്രോയ്‌ക്കെതിരെ ചുമത്തിയിരിക്കുന്നത്. സംഭവം നടക്കുമ്പോൾ സഹോദരനും മുൻ ക്യൂബൻ നേതാവുമായ ഫിഡൽ കാസ്ട്രോയുടെ സർക്കാരിൽ പ്രതിരോധ മന്ത്രിയായിരുന്നു അദ്ദേഹം.

മയാമിയിൽ വിമാനാക്രമണത്തിൽ കൊല്ലപ്പെട്ടവരെ അനുസ്മരിച്ച് സംഘടിപ്പിച്ച ചടങ്ങിലാണ് യു.എസ് നീതിന്യായ വകുപ്പ് കുറ്റപത്രം പ്രഖ്യാപിച്ചത്. ആക്ടിങ് അറ്റോർണി ജനറൽ ടോഡ് ബ്ലാഞ്ച് ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ ചടങ്ങിൽ പങ്കെടുത്തു.

1996 ഫെബ്രുവരിയിൽ ക്യൂബൻ പ്രവാസി സംഘടനയായ  ബ്രദേഴ്സ് ടു ദ റെസ്ക്യൂ വിന്റെ രണ്ട് ചെറിയ വിമാനങ്ങളാണ് ക്യൂബൻ യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ടത്. അന്താരാഷ്ട്ര വ്യോമപരിധിയിലുണ്ടായിരുന്ന വിമാനങ്ങൾ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് അമേരിക്കൻ അധികൃതർ ആരോപിക്കുന്നു.

റൗൾ കാസ്ട്രോയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതായും അദ്ദേഹത്തെ യു.എസ് കോടതിയിൽ ഹാജരാക്കാൻ ആവശ്യമായ എല്ലാ നിയമനടപടികളും സ്വീകരിക്കുമെന്നും ടോഡ് ബ്ലാഞ്ച് അറിയിച്ചു. അമേരിക്കയ്ക്ക് പുറത്തുള്ള പ്രതികളെ നിയമത്തിന് മുന്നിലെത്തിക്കാൻ വിവിധ മാർഗങ്ങൾ ഉപയോഗിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. റൗൾ കാസ്ട്രോയ്ക്ക് പുറമേ, ആക്രമണത്തിൽ പങ്കെടുത്തതായി ആരോപിക്കപ്പെടുന്ന ക്യൂബൻ സൈനിക ഉദ്യോഗസ്ഥരും പൈലറ്റുമാരും ഉൾപ്പെടെ അഞ്ചുപേർക്കെതിരെയും കേസെടുത്തിട്ടുണ്ട്.

ഫ്ലോറിഡയിലെ റിപ്പബ്ലിക്കൻ നേതാക്കളുടെ സമ്മർദത്തെ തുടർന്ന് വർഷങ്ങൾ പഴക്കമുള്ള കേസിന്റെ അന്വേഷണം വീണ്ടും സജീവമാക്കിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട ഗൂഢാലോചനക്കേസിൽ ഇതുവരെ ഒരാളെ മാത്രമാണ് യു.എസ്. കോടതി ശിക്ഷിച്ചിട്ടുള്ളത്. അതേസമയം, പുതിയ കുറ്റപത്രം ക്യൂബയ്‌ക്കെതിരായ അമേരിക്കൻ സമ്മർദം കൂടുതൽ ശക്തമാക്കുന്നതായാണ് വിലയിരുത്തൽ. സാമ്പത്തിക പ്രതിസന്ധിയും ഇന്ധനക്ഷാമവും മൂലം ക്യൂബ കടുത്ത വെല്ലുവിളികൾ നേരിടുന്ന സാഹചര്യത്തിലാണ് ഈ നടപടി.

റൗൾ കാസ്ട്രോയ്‌ക്കെതിരായ കുറ്റപത്രം നിയമനടപടിയിൽ മാത്രം ഒതുങ്ങുമോ, അതോ ക്യൂബയ്‌ക്കെതിരെ കൂടുതൽ കടുത്ത നീക്കങ്ങൾക്ക് തുടക്കമാകുമോ എന്ന ചർച്ചകളും ശക്തമാണ്. മുമ്പ് വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് സമാന രീതിയിൽ നടപടികൾ സ്വീകരിച്ച സാഹചര്യത്തിൽ, ക്യൂബയിലും അമേരിക്ക കൂടുതൽ സമ്മർദനയങ്ങൾ സ്വീകരിക്കുമോയെന്നാണ് അന്താരാഷ്ട്ര നിരീക്ഷകർ ശ്രദ്ധിക്കുന്നത്.

എന്നാൽ വർഷങ്ങൾക്കുമുമ്പ് സജീവ രാഷ്ട്രീയത്തിൽ നിന്ന് വിരമിച്ച 94-കാരനായ റൗൾ കാസ്ട്രോയെ ലക്ഷ്യമിട്ടുള്ള നടപടികൾ ക്യൂബയിലെ രാഷ്ട്രീയ സാഹചര്യത്തിൽ വലിയ മാറ്റമുണ്ടാക്കുമോയെന്ന കാര്യത്തിൽ വിദഗ്ധർക്കിടയിൽ അഭിപ്രായഭിന്നത നിലനിൽക്കുന്നുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img